10 Minute Turnaround എന്ന് കേട്ടിട്ടുണ്ടോ?

10 minute turnaround southwest airlines bill franklin

1972ൽ അമേരിക്കയിലെ വിമാനക്കമ്പനിയായ സൗത്ത്‌ വെസ്റ്റ്‌ എയർലൈൻസ്‌ (Southwest Airlines) നടപ്പിലാക്കിയ വിപ്ലവകരമായ ഒരു മാതൃകയാണ്‌ 10 Minute Turnaround. Crisis Management, Team Dynamics, Operations Management, Lean Management എന്നീ ആശയങ്ങളുമായി ബന്ധപ്പെട്ട പാഠങ്ങൾ പഠിപ്പിക്കുമ്പോൾ ലോകത്തിലെ പ്രശസ്തമായ ബിസിനസ്സ്‌ സ്കൂളുകളിൽ പലതും പ്രത്യേകം എടുത്തു പറയുന്ന ഒരു ഉദാഹരണമാണ്‌ സൗത്ത്‌ വെസ്റ്റ്‌ എയർലൈൻസ്‌ ആവിഷ്കരിച്ചു നടപ്പിലാക്കിയ 10 Minute Turnaround. പിൽക്കാലത്ത്‌ മറ്റു വിമാനക്കമ്പനികൾ മാത്രമല്ല, മറ്റു മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികളും മാതൃകയായി സ്വീകരിച്ച ഈ ആശയത്തിൻ്റെ പിതാവ്‌ അക്കാലത്ത്‌ സൗത്ത്‌ വെസ്റ്റ്‌ എയർലൈൻസിൻ്റെ ഗ്രൗണ്ട്‌ ഓപ്പറേഷൻസ്‌ വിഭാഗത്തിൻ്റെ വൈസ്‌ പ്രസിഡണ്ടായിരുന്ന ബിൽ ഫ്രാങ്ക്‌ലിൻ (Bill Franklin) ആയിരുന്നു.

1971 ൽ പ്രവർത്തനമാരംഭിച്ച സൗത്ത്‌ വെസ്റ്റ്‌ എയർലൈൻസ്‌ വിപണിയിൽ നിലയുറപ്പിക്കാൻ പോരാടിക്കൊണ്ടിരുന്ന സമയം. വെറും നാല്‌ വിമാനങ്ങളാണ്‌ ഇവർക്ക്‌ സ്വന്തമായുണ്ടായിരുന്നത്‌. ടെക്സാസിലെ ചെറുനഗരങ്ങളായ Dallas, Houston, San Antonio എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട്‌ ഒരു ഷെഡ്യൂളിൽ നാല്‌ വീതം സർവ്വീസുകളായിരുന്നു ഈ കമ്പനി നടത്തിക്കൊണ്ടിരുന്നത്‌. പക്ഷെ തുടങ്ങി ഒരു വർഷമായപ്പോഴേക്കും കമ്പനിക്ക്‌ $1.6 മില്ല്യൺ നഷ്ടം സംഭവിക്കുകയും തൊഴിലാളികൾക്ക്‌ ശമ്പളം നൽകാൻ പോലും കഴിയാത്ത സാഹചര്യം രൂപപ്പെടുകയും ചെയ്തു. ഈ ബാധ്യതകളിൽ നിന്നെല്ലാം കരകയറാൻ കമ്പനിയുടെ മുന്നിൽ ഒറ്റ മാർഗ്ഗമേ ഉണ്ടായിരുന്നുള്ളൂ. ഏതെങ്കിലും ഒരു വിമാനം വിൽക്കുക.

പക്ഷെ അങ്ങനെ ഒരു വിമാനം വിറ്റാൽ അതവരുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. ഒരു ഷെഡ്യൂളിൽ നാല്‌ സർവ്വീസുകളുള്ള അവർക്ക്‌ നാല്‌ വിമാനങ്ങൾ ഉള്ളത്‌ ഒരു വലിയ സൗകര്യം തന്നെയായിരുന്നു. എന്നാൽ അതിൽ ഒരു വിമാനം കുറഞ്ഞാൽ പോലും അതവരുടെ ഷെഡ്യൂളിനെ സാരമായി ബാധിക്കും. ആ സാഹചര്യത്തിൽ കമ്പനിക്ക്‌ താഴെ പറയുന്ന രണ്ട്‌ തീരുമാനങ്ങളിൽ ഒന്ന് തെരഞ്ഞെടുക്കേണ്ടി വരും.

1. ഒന്നുകിൽ ഓരോ ഷെഡ്യൂളിലും ഒരു സർവ്വീസ്‌ വെട്ടിക്കുറക്കുക.

2. അല്ലെങ്കിൽ ഉള്ള മൂന്ന് വിമാനങ്ങൾ വെച്ച്‌ ഒരോ ഷെഡ്യൂളിലും നാല്‌ സർവ്വീസുകൾ നടത്തുക.

കമ്പനി രണ്ടാമത്തെ ഓപ്ഷൻ തെരഞ്ഞെടുക്കാൻ തീരുമാനിച്ചു. പക്ഷെ ഇതെങ്ങനെ പ്രാവർത്തികമാക്കും? മൂന്ന് വിമാനങ്ങൾ വെച്ച്‌ നാല്‌ സർവ്വീസുകൾ നടത്തുക എന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. അവസാനം അത്‌ നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം ഗ്രൗണ്ട്‌ ഓപ്പറേഷൻസിൻ്റെ വൈസ്‌ പ്രസിഡണ്ടായിരുന്ന ബിൽ ഫ്രാങ്ക്‌ലിൻ്റെ (Bill Franklin) തലയിൽ വന്നു വീണു. ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്ത ഫ്രാങ്ക്‌ലിൻ മണിക്കൂറുകൾ നീണ്ട ആലോചനകൾക്കൊടുവിൽ ഒരു പുതിയ ആശയം രൂപപ്പെടുത്തിയെടുത്തു. അതാണ്‌ 10 Minute Turnaround.

ഒരു വിമാനം എയർപോർട്ടിൽ ലാൻഡ്‌ ചെയ്തു കഴിഞ്ഞാൽ യാത്രക്കാരെല്ലാം പുറത്തിറങ്ങി, ലഗ്ഗേജുകളെല്ലാം അൺലോഡ്‌ ചെയ്ത്‌, ഫ്ലൈറ്റ്‌ വൃത്തിയാക്കി, ഫ്യുവൽ റീഫിൽ ചെയ്ത്‌, വീണ്ടും പുതിയ പാസഞ്ചേഴ്സിനെ കയറ്റി, അടുത്ത യാത്ര പുറപ്പെടാനെടുക്കുന്ന സമയത്തിനെ ആണ്‌ Flight Turnaround Time എന്ന് പറയുന്നത്‌. സാധാരണ ഗതിയിൽ ഇതിന്‌ ഏറ്റവും കുറഞ്ഞത്‌ ഒരു മണിക്കൂറെങ്കിലും സമയമെടുക്കും. ഇതിനെ പത്ത്‌ മിനിട്ടായി ചുരുക്കണം. ഇതായിരുന്നു ബിൽ ഫ്രാങ്ക്‌ലിൻ്റെ ആശയം.

ഒരു മണിക്കൂർ കൊണ്ട്‌ ചെയ്യേണ്ട കാര്യങ്ങൾ വെറും പത്ത്‌ മിനിട്ട്‌ കൊണ്ട്‌ ചെയ്തു തീർക്കുക. അസാധ്യം…!! ജീവനക്കാർ ഒന്നടങ്കം ഈ ആശയത്തെ എതിർത്തു. പക്ഷെ ഫ്രാങ്ക്‌ലിൻ തൻ്റെ ആശയത്തിൽ ഉറച്ചു നിന്നു. “ഇതിനോട്‌ സഹകരിക്കാൻ തയ്യാറുള്ളവർക്ക്‌ ഇവിടെ തുടരാം. അല്ലാത്തവർക്ക്‌ പിരിഞ്ഞു പോകാം. പകരം ഈ ആശയമനുസരിച്ച്‌ പ്രവർത്തിക്കാൻ തയ്യാറുള്ളവരെ ഞാൻ ജോലിക്കെടുത്തോളാം.” ഇതായിരുന്നു അവർക്കുള്ള അദ്ദേഹത്തിൻ്റെ മറുപടി. അവസാനം മറ്റു വഴികളില്ലാതെ ജീവനക്കാർ എല്ലാവരും അദ്ദേഹത്തോട്‌ സഹകരിക്കാൻ തയ്യാറായി.

തുടർന്ന് ഫ്രാങ്ക്‌ലിൻ്റെ നേതൃത്വത്തിൽ മൊത്തം ടീമംഗങ്ങളും കൂടിയിരുന്ന് ഇതിനായി ഒരു രൂപരേഖയുണ്ടാക്കി. എല്ലാ ജോലികളെയും ഒരു അസംബ്ലി ലൈൻ മോഡലിലാക്കി. ഫ്ലൈറ്റ്‌ ലാൻഡ്‌ ചെയ്ത പാടേ കാബിൻ ക്ര്യൂ അംഗങ്ങൾ യാത്രക്കാരെ ലഗ്ഗേജുകളേടുത്ത്‌ പുറത്തിറങ്ങാൻ സഹായിക്കും. യാത്രക്കാർ ഫ്രണ്ട്‌ ഡോർ വഴിയിറങ്ങുമ്പോൾ പിന്നിലെ വാതിൽ വഴി ക്ലീനിംഗ്‌ സ്റ്റാഫ്‌ അകത്തു കയറി പിൻഭാഗത്ത്‌ നിന്ന് വൃത്തിയാക്കിത്തുടങ്ങും. ആ സമയം കൊണ്ട്‌ തന്നെ ബാഗ്ഗേജ്‌ ക്ലിയറൻസ്‌ ടീമംഗങ്ങൾ ഫ്ലൈറ്റിൻ്റെ അടിഭാഗത്ത്‌ നിന്ന് ബാഗേജുകൾ അൺലോഡ്‌ ചെയ്യും. സമാന്തരമായി ഫ്യുവലിംഗ്‌ ടീം വിമാനത്തിൽ ഇന്ധനം നിറച്ചു കൊണ്ടിരിക്കും. ടെക്നിക്കൽ ടീം വിമാനത്തിൻ്റെ യന്ത്രഭാഗങ്ങൾ പരിശോധിച്ച്‌ എല്ലാം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. യാത്രക്കാർ ഫ്രണ്ട്ഡോറിലൂടെ പുറത്തിറങ്ങിക്കഴിയുമ്പോഴെക്കും പിൻവാതിൽ വഴി അടുത്ത യാത്രക്കുള്ള ആളുകൾ കയറിത്തുടങ്ങും. അപ്പോഴേക്കും ക്ലീനിംഗ്‌ ജോലികളും ഏതാണ്ട്‌ പൂർത്തിയായിട്ടുണ്ടാകും. ക്യാബിൻ ക്ര്യൂ മെംബർസ്‌ യാത്രക്കാരെ അവരവരുടെ സീറ്റ്‌ കണ്ടെത്തി ഇരിക്കാൻ സഹായിക്കും. പുതിയ പൈലറ്റും കോ-പൈലറ്റും കോക്ക്‌പിറ്റിൽ കയറും. അതോടെ വിമാനം അടുത്ത യാത്രക്ക്‌ തയ്യാറാകും. ഇത്രയും കാര്യങ്ങൾ വെറും പത്ത്‌ മിനിട്ട്‌ കൊണ്ട്‌ സംഭവിച്ചിരിക്കും.

ഒറ്റനോട്ടത്തിൽ തികച്ചും അസംഭവ്യമായ ഈ കാര്യം പക്ഷെ ഫ്രാങ്ക്‌ലിനും സംഘവും വളരെ കുറ്റമറ്റ രീതിയിൽ ചെയ്തു കാണിച്ചു. അതുവഴി വെറും മൂന്ന് വിമാനങ്ങൾ ഉപയോഗിച്ച്‌ നാല്‌ സർവ്വീസുകൾ നടത്തിക്കാണിക്കാനും കമ്പനിക്ക്‌ ഭീമമായ ഒരു സംഖ്യ ലാഭമുണ്ടാക്കിക്കൊടുക്കുവാനും അവർക്ക്‌ സാധിച്ചു. മാത്രമല്ല, ജീവനക്കാരുടെ കാര്യക്ഷമത കൂട്ടാനും, സമയനഷ്ടവും പാഴ്ച്ചെലവുകളും കുറക്കാനും സാധിച്ചു. ഒരു പ്രതിസന്ധിഘട്ടത്തെ മറികടക്കുന്നതിനായി ബിൽ ഫ്രാങ്ക്‌ലിൻ്റെ തലയിൽ ഉദിച്ച ഈ ആശയം സൗത്ത്‌ വെസ്റ്റ്‌ എയർലൈൻസിന്‌ മാത്രമല്ല, എയർലൈൻ ഇൻഡസ്ട്രിക്ക്‌ തന്നെ ഒരു പുത്തൻ ഊർജ്ജം പകർന്നു. പിൽക്കാലത്ത്‌ പല കമ്പനികളും ഈ മോഡൽ സ്വീകരിച്ചു. ഇന്ന് ഏറെ ചർച്ചചെയ്യപ്പെടുന്ന ലീൻ മോഡൽ പോലും ഈ ആശയത്തിൻ്റെ ഉപോൽപന്നമാണ്‌.

ഇന്ന് സൗത്ത്‌ വെസ്റ്റ്‌ എയർലൈൻസ്‌ ലോകത്തിലെ തന്നെ ഏറ്റവും ലാഭത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വിമാനക്കമ്പനിയാണ്‌. ഇന്ന് എത്ര വിമാനങ്ങൾ വേണെങ്കിലും വാങ്ങാനുള്ള സാമ്പത്തിക ശേഷി ഈ കമ്പനിക്കുണ്ട്‌. എങ്കിലും ഇപ്പോഴും ഇവർ ഈ മാതൃക തന്നെയാണ്‌ പിൻപറ്റുന്നത്‌. വിമാനങ്ങളുടെ വലുപ്പവും ലോഡിംഗ്‌ കപ്പാസിറ്റിയും എയർപ്പോർട്ട്‌ കൺജഷനും വർദ്ധിച്ചപ്പോൾ ഇവർ 10 മിനിട്ട്‌ എന്നത്‌ 25 മിനിട്ടാക്കി ഉയർത്തി. പക്ഷെ അതിൽ ഇനി ഒരു അഞ്ച്‌ മിനിട്ട്‌ കൂട്ടിയാൽ പോലും അവർക്ക്‌ എല്ലാ സർവ്വീസുകളും ഭംഗം കൂടാതെ നടത്താൻ 18 വിമാനങ്ങൾ കൂടുതൽ വേണ്ടി വരും.

ഒരു പ്രതിസന്ധി ഘട്ടത്തിൽ നിന്ന് സൗത്ത്‌ വെസ്റ്റ്‌ എയർലൈൻസിനെ കരകയറ്റുക മാത്രമല്ല, ലോക കോർപ്പറേറ്റ്‌ മേഖലക്ക്‌ തന്നെ പുതിയ വെളിച്ചവും ഊർജ്ജവും പകർന്നു നൽകിയ ആശയമാണ്‌ ’10 Minute Turnaround’.

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #sales #marketing #women_entreprenuer

Share